ന്യൂയോർക്ക്: അമേരിക്കയിൽ കസ്റ്റംസ് കുടിയേറ്റ വകുപ്പ് (ഐസിഇ) ഉദ്യോഗസ്ഥൻ യുവതിയെ വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം അണയുന്നില്ല. സംഭവം നടന്ന മിനിയാപോളിസ് നഗരത്തിൽ ശനിയാഴ്ച രാത്രി നടന്ന പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിഷേധക്കാർ മഞ്ഞുകട്ടകൊണ്ട് എറിഞ്ഞതിനെത്തുടർന്ന് ഒരു പോലീസുകാരനു പരിക്കേറ്റു.
റെനി നിക്കോൾ ഗുഡ് എന്ന മുപ്പത്തേഴുകാരിയാണ് ബുധനാഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത്. കാറിലിരുന്ന ഇവർക്കു നേരേ ഐസിഇ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. കാറിടിച്ചു കൊല്ലാൻ ശ്രമിക്കവേ സ്വയംപ്രതിരോധത്തിന്റെ ഭാഗമായി വെടിയുതിർത്തുവെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഫെഡറൽ ഏജൻസികൾ പറഞ്ഞത്. അതേസമയം, യുവതിയുടെ ഭാഗത്തുനിന്നു ഭീഷണി ഉണ്ടായിരുന്നില്ലെന്ന് മിനിയാപോളിസ് നഗരവൃത്തങ്ങളും പറഞ്ഞു.
ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, സിയാറ്റിൽ, ഓസ്റ്റിൻ തുടങ്ങിയ പ്രമുഖ നഗരങ്ങളിലും ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങളുണ്ടായി.